മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭമാണിത്; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി

ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാൽ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ​ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിമോചനത്തിൻ്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥപൂർണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാശംസ

നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാൽ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.

വിമോചനത്തിൻ്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥപൂർണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യദിന ആശംസകൾ.

അതേസമയം സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഞായറാഴ്ച രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടാവില്ല. മറ്റു ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.

കൊല്ലത്ത് മന്ത്രി കെ.എൻ ബാലഗോപാൽ, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ, കോട്ടയത്ത് മന്ത്രി വി.എൻ വാസവൻ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് മന്ത്രി പി. രാജീവ്, തൃശൂരിൽ മന്ത്രി കെ. രാജൻ, പാലക്കാട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി, മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്‌മാൻ, കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ , വയനാട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കണ്ണൂരിൽ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, കാസർകോട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് പതാക ഉയർത്തുക.