സര്‍വകലാശാലകളിലെ തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ച നടത്തി. രാജ്ഭവനിലായിരുന്നു മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. വി.സി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി, സര്‍വകലാശാലാ ബില്ലുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. സര്‍വകലാശാല ഭേദഗതി ബില്‍, സ്വകാര്യ സര്‍വകലാശാല ബില്‍ എന്നിവയില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതും ചര്‍ച്ചയായെന്നിരിക്കെ സര്‍ക്കാര്‍ അനുനയത്തിന്റ പാതയിലേക്ക് എത്തിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇനി കടുംപിടുത്തത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കു സര്‍ക്കാര്‍ നല്‍കിയ താല്‍ക്കാലിക വിസിമാരുടെ പാനലില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാനുണ്ട്. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സമരം നടത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. കേരള സര്‍വകലാശാലയില്‍ വി.സിയും സിന്‍ഡിക്കറ്റുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കറ്റ് യോഗം എന്നു വിളിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല. സിന്‍ഡിക്കറ്റ് യോഗം വിളിക്കണമെങ്കില്‍ റജിസ്ട്രാര്‍ സസ്‌പെന്‍ഷന്‍ നടപടിക്കു വഴങ്ങണമെന്നതാണു വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മലിന്റെ ഉപാധി. വി.സിയുമായും ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളുമായും ചര്‍ച്ച നടത്തിയശേഷം സിന്‍ഡിക്കറ്റ് യോഗം വിളിക്കാന്‍ വി.സി സമ്മതിച്ചതായി മന്ത്രി ആര്‍.ബിന്ദു അറിയിച്ചിരുന്നു.
കേരള സര്‍വകലാശാലയിലെ തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ സമവായശ്രമം തുടങ്ങിയെങ്കിലും രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാനാവില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്.സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കാതെ വി.സി സിന്‍ഡിക്കറ്റ് വിളിക്കില്ല. സിന്‍ഡിക്കറ്റ് വിളിച്ചു ചേര്‍ക്കേണ്ടതു വി.സിയാണ്. അംഗങ്ങള്‍ക്കു നോട്ടിസ് നല്‍കേണ്ടതു റജിസ്ട്രാറും. സസ്‌പെന്‍ഡ് ചെയ്ത റജിസ്ട്രാര്‍ നോട്ടിസ് അയയ്ക്കുന്നതും റജിസ്ട്രാര്‍ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതും അനുവദിക്കില്ലെന്നു വി.സി വ്യക്തമാക്കുന്നു. അനില്‍കുമാറിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്നാണ് ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിലപാട്. എന്നാല്‍ ഇന്നലെയും ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാലാ ആസ്ഥാനത്തെ ഓഫിസിലെത്തി.
Read more
രണ്ടു റഗുലര്‍ സിന്‍ഡിക്കറ്റ് യോഗത്തിനിടയില്‍ 60 ദിവസത്തിലധികം ഇടവേള പാടില്ലെന്നു ചട്ടമുള്ളതിനാല്‍ ഈ മാസം 27നകം യോഗം വിളിച്ചില്ലെങ്കില്‍ വി.സിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെടുമെന്നും ഇവര്‍ വാദിക്കുന്നു. മേയ് 27നാണ് അവസാന റഗുലര്‍ സിന്‍ഡിക്കറ്റ് നടന്നതെന്നും ഇതിനുശേഷം ജൂണ്‍ 11നും ജൂലൈ 6നും നടന്നതു സ്‌പെഷല്‍ സിന്‍ഡിക്കറ്റാണെന്നുമാണ് ഇവരുടെ വാദം. എന്നാല്‍, ജൂണ്‍ 11നു ചേര്‍ന്നതു റഗുലര്‍ സിന്‍ഡിക്കറ്റ് ആയിരുന്നെന്നു വിസിയും പറയുന്നു. 20 ദിവസത്തിനു ശേഷം വെള്ളിയാഴ്ച സര്‍വകലാശാലയിലെത്തിയ വിസി 1800ല്‍ അധികം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടിരുന്നു. അനുരഞ്ജന ചര്‍ച്ചകളുടെ ഭാഗമായി വി.സിക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.