വിമര്‍ശിക്കുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കുന്നത് പോലെ ആവരുത്; ഗണേഷ് കുമാറിന് എതിരെ മുഖ്യമന്ത്രി

കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കാന്‍ പാകത്തില്‍ അത്തരം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ശരിയല്ല എന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ‘സര്‍ക്കാരില്‍ നിന്നും ഒന്നും നടക്കുന്നില്ല. റോഡിലിറങ്ങി നടക്കാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോലെയല്ല ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് ഫണ്ടും ലഭിക്കുന്നില്ല’ എന്ന് കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.

ഇതിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇത്തവണ പ്രതികരിച്ചത്. ഗണേഷിന്റെ പേര് പറയാതെ എന്നാല്‍ പത്തനാപുരത്തെ കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ വിമര്‍ശിച്ചത്. യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല.

സര്‍ക്കാര്‍ പണം അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. പത്തനാപുരം മണ്ഡലത്തിനായി അനുവദിച്ച പദ്ധതികളുടെയും ഫണ്ടിന്റെയും വിവരങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.