കോഴിക്കോട് ബീച്ചിലെ സംഘര്‍ഷം; സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നെന്ന് പൊലീസ്

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടി നടത്തുന്നതിന് അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ്. കാര്‍ണിവലിന് മാത്രമായിരുന്നു അനുമതി നല്‍കിയത്. ഗാനമേള നടത്തുന്നതിന് അനുമതി തേടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷമുണ്ടായത്. പൊലീസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പൊലീസിനെ മര്‍ദ്ദിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തു. ജെഡിടി ആര്‍ട്സ് കോളേജിന്റെ സംഗീത പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനായാണ് കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ കാര്‍ണിവെല്‍ സംഘടിപ്പിച്ചത്. മൂന്ന് ദിവസത്തെ കാര്‍ണിവെല്ലിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകുന്നേരത്തോടെ തന്നെ നൂറുകണക്കിനാളുകള്‍ ബീച്ചിലെത്തിയിരുന്നു.

തിരക്ക് കൂടിയതോടെ സംഘടാകര്‍ ടിക്കറ്റ് വില്‍പന നിര്‍ത്തി വച്ചു. ഇതില്‍ പ്രകോപിതരായ ഒരു സംഘം വാക്ക് തര്‍ക്കം ഉണ്ടാക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി പരിപാടി നിര്‍ത്തിവെയ്പ്പിച്ചു. പൊലീസിന് കല്ലെറിയുകയും കുപ്പിയില്‍ മണല്‍ നിറച്ച് എറിയും ചെയ്തു. തുടര്‍ന്ന് ലാത്തി വീശിയാണ് പൊലീസ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.

സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെഡിടി കോളേജ് പാലിയേറ്റീവ് കെയര്‍ അധികൃതര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസെടുത്തത്.