ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍, മദ്യപിച്ച് വണ്ടിയോടിച്ച ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയ, മാധ്യമ സമ്മര്‍ദ്ദമാണ് കേസിന് പിന്നിലെന്നാണ് ശ്രീറാം ഉന്നയിക്കുന്ന പ്രധാന വാദം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് ആവശ്യപ്പെടും. അതേസമയം മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവില്‍ തുടരുകയാണ്.

ഡിജിപി നിയോഗിച്ച പുതിയ അന്വേഷണസംഘം ഇന്ന് മുതല്‍ കേസ് അന്വേഷിക്കും. എഡിജിപി ഷേക്ക് ദര്‍വ്വേസ് സാബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം, മ്യൂസിയം സ്റ്റേഷനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങും. കേസ് അന്വേഷിച്ച ആദ്യ സംഘത്തിന്റെ വീഴ്ചയും അന്വേഷിക്കുമെന്നാണ് വിവരം.