സഭയ്ക്ക് രാഷ്ട്രീയമില്ല, കര്‍ഷക പ്രതിസന്ധിക്ക് കാരണം കേന്ദ്രനയം: ജോസ് കെ. മാണി

റബ്ബറിന്റെ വിലയിടിവിനും റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളെന്ന് ജോസ് കെ മാണി. റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ പോകുന്നതും ഇതേ നയങ്ങള്‍ തന്നെയാണ്. സഭയുടെയും കേരള കോണ്‍ഗ്രസിന്റെയും നയങ്ങള്‍ കര്‍ഷകരെ സഹായിക്കണമെന്നതാണ്. കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് കെസിബിസി അറിയിച്ചു. സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ നിലപാടെന്ന് കെസിബിസി വക്താവ് ജേക്കബ് പാലക്കാപള്ളി പറഞ്ഞു. പാംപ്ലാനി പറഞ്ഞത് കര്‍ഷകരുടെ നിലപാടാണെന്നും കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ പരിഗണിക്കുന്നില്ല എന്നത് സത്യമാണെന്നും ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത്. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.

കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.