കുട്ടികളെ സ്‌കെയില്‍ കൊണ്ട് മര്‍ദ്ദിച്ചു; പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറിക്ക് എതിരെ അന്വേഷണം

പാലക്കാട് ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിക്കതെിരെ അന്വേഷണം. ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ആരോപണവിധേയനായ സെക്രട്ടറി കെ. വിജയകുമാര്‍ രാജിവച്ചു. ശിശുപരിചരണ കേന്ദ്രത്തിലെ ആയയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

അയ്യപുരത്തെ കേന്ദ്രത്തില്‍ നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഉള്ളത്. വിജയകുമാര്‍ കുട്ടികളെ പല തവണയായി സ്‌കെയില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ കുട്ടികള്‍ കരയന്നതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് ആയ പറഞ്ഞു.

ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പൊലീസിലും പരാതി നല്‍കി.

സി.പി.എം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വിജയകുമാര്‍. സംഭവത്തില്‍ മുമ്പ് പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ആയ കളക്ടറെ സമീപിച്ചത്. വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.