'ഒന്നും മനഃപൂര്‍വ്വമല്ല'; ഗവര്‍ണര്‍ക്ക് മുമ്പില്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാതിരുന്നത് മനഃപൂര്‍വമല്ലെന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്‍ണറെ അറിയിച്ചത്.

മുമ്പും കേന്ദ്രനയങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതില്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് കോടതിയില്‍ പോയതെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയത്.

ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചിരുന്നത്.