വെട്ടിയത് 25 തവണ, കൈകാലുകള്‍ വേര്‍പെട്ട നിലയില്‍; ആയുധം ഒളിപ്പിച്ചു

ചെങ്ങന്നൂര്‍ മുളകുഴയില്‍ 80 കാരിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ബന്ധുവായ റിഞ്ജു മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന ബന്ധുക്കളുടെ വാദം പൊലീസ് തള്ളുന്നു. കൊലപാതകം നടത്തിയശേഷം പ്രതി ആയുധം ഒളിപ്പിച്ചുവെച്ചതാണ് പൊലീസിനെ ഇതിനു പ്രേരിപ്പിക്കുന്നത്.

അന്നമ്മയുടെ ശരീരത്തില്‍ 25-ലേറെ വെട്ടുകളുണ്ടായിരുന്നു. കൈകാലുകള്‍ അടക്കം തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ആദ്യഘട്ടത്തില്‍ പൊലീസുകാരെ വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ റിഞ്ജു തയ്യാറായില്ല.

പുലര്‍ച്ചേ വീട്ടില്‍ പ്രശ്നമുണ്ടാക്കിയ റിഞ്ജു ആദ്യം അച്ഛനെ കസേര കൊണ്ടടിച്ചു. പിന്നീട്, അമ്മയെയും മര്‍ദിച്ചു. നിലവിളിച്ചുകൊണ്ടു ഇരുവരും പുറത്തേക്ക് ഓടി. ഈ സമയം റിഞ്ജു പ്രധാനവാതില്‍ അകത്തുനിന്നു പൂട്ടി. വീടിന്റെ ഗേറ്റും പൂട്ടിയിരുന്നതിനാല്‍ ഏണി ഉപയോഗിച്ച് മതില്‍ ചാടിയാണ് മാതാപിതാക്കള്‍ പുറത്തുകടന്നത്.

അയല്‍വാസികള്‍ വാര്‍ഡംഗം പ്രിജിലിയയെ വിവരമറിയിച്ചതിനെ തുടര്‍ന്നു ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കീഴടക്കിയത്. ചോദ്യം ചെയ്യലിലും പ്രതി എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കി. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ അന്നമ്മ കൂടി താമസിച്ചിരുന്നതില്‍ റിഞ്ജുവിന് ഇഷ്ടക്കേടുണ്ടായിരുന്നതായി സൂചനയുണ്ട്. പലതവണ ഇതിന്റെ പേരില്‍ വീട്ടില്‍ ബഹളമുണ്ടായിട്ടുള്ളതായി മൊഴിയുണ്ട്.