ചീനിക്കുഴി കൂട്ടക്കൊല; പിതാവും മകനും തമ്മില്‍ ഇന്നലെയും വാക്കുതര്‍ക്കവും കയ്യാങ്കളിയും, ഹമീദ് രാത്രി വീട്ടിലെത്തിയത് അഞ്ച് കുപ്പി പെട്രോളുമായി

തൊടുപുഴ ചീനിക്കുഴിയില്‍ കൂട്ടക്കൊലപാതകത്തിന് കാരണം പിതാവും മകനുമായി ഇന്നലെ രാവിലെയുണ്ടായ വഴക്കെന്ന് സൂചന. കാലങ്ങളായുണ്ടായ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിയായ ഹമീദും മകന്‍ മുഹമ്മദ് ഫൈസലും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിനു പിന്നാലെ പുറത്തേക്ക് പോയ ഹമീദ് തിരിച്ചെത്തിയത് അഞ്ച് കുപ്പി പെട്രോളുമായാണെന്നും ഇതില്‍ രണ്ടു കുപ്പി പെട്രോളാണ് വീടിനകത്തേക്ക് ഒഴിച്ചതെന്നുമാണ് വിവരം.

വീടിന്റെ ജനലുകള്‍ എല്ലാം അടച്ച്, വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് മുറി പുറത്ത് നിന്ന് പൂട്ടി വളരെ ആസൂത്രിതമായാണ് പ്രതി കുറ്റം നടത്തിയത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ എത്തിയാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാന്‍ ഉപയോഗിച്ച പെട്രോള്‍ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാന്‍ ഹമീദ് ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.

പ്രതി ഹമീദ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, സംഭവസ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.