'കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. എന്റെ വീട്ടില്‍ കിടന്ന് വളര്‍ന്ന കുട്ടികളാണ്' വിങ്ങിപ്പൊട്ടി രാഹുല്‍

ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പിതാവ് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍ രക്ഷിക്കാന്‍ അപേക്ഷിച്ച് കുട്ടികള്‍ തന്നെ ഫോണില്‍ വിളിച്ചെന്ന് അയല്‍വാസിയായ രാഹുല്‍ പറഞ്ഞു. രാത്രി 12.35 ഓടെയാണ് രാഹുലിന് ഫൈസലിന്റെ കുട്ടികളായ അസ്നയുടേയും മെഹ്റുവിന്റേയും ഫോണ്‍ കോള്‍ വരുന്നത്. ‘ചേട്ട ഓടി വാ…രക്ഷിക്കൂ’ എന്നാണ് അവര്‍ പറഞ്ഞത്. ഫൈസലിന്റെ അയല്‍വാസിയാണ് രാഹുല്‍. അസ്നയും മെഹ്റുവും രാഹുലിന്റെ വീട്ടില്‍ സ്ഥിരം കളിക്കാന്‍ പോകുമായിരുന്നു.

ഫോണ്‍ കോളിന് പിന്നാലെ വീട്ടില്‍ നിന്ന് രാഹുല്‍ പെട്ടെന്നിറങ്ങി ഓടിച്ചെന്നപ്പോഴേക്കും അകത്ത് തീ കാണാമായിരുന്നു. മുന്‍വശത്തെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അത് ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോള്‍ കുടുംബമുള്ള കിടപ്പ് മുറിയും പൂട്ടിയ നിലയിലായിരുന്നു. കിടപ്പ് മുറിയുടെ വാതിലും ചവിട്ടി തുറന്നുവെങ്കിലും പെട്ടെന്ന് തീയാളി. ഫൈസലിന്റെ അച്ഛന്‍ ഹമീദ് ആ സമയത്ത് ജനലിലൂടെ വീണ്ടും പെട്രോള്‍ ഒഴിച്ചതാണ് തീ ആളികത്താന്‍ കാരണമായത്. ആളിക്കത്തിയ തീയില്‍ നിന്ന് രക്ഷപ്പെടാന്‍ കുടുംബം കുളിമുറിയിലേക്കാണ് ഓടിക്കയറിയത്.

എന്നാല്‍ ടാങ്കിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കി വിട്ടിരുന്നതിനാല്‍ കുളിമുറിയില്‍ വെള്ളമുണ്ടായിരുന്നില്ല. മോട്ടര്‍ അടിച്ച് വെള്ളം വരാതിരിക്കാന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. കൂടുതല്‍ പെട്രോള്‍ ഒഴിക്കുന്നതില്‍ നിന്ന് ഫൈസലിന്റെ അച്ഛന്‍ ഹമീദിനെ പിന്തിരിപ്പിച്ചത് രാഹുലാണ്. അപ്പോഴേക്കും നാട്ടുകാരെല്ലാം ഓടിക്കൂടി. പക്ഷേ നാല് പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

‘വീടിനകത്ത് നിന്ന് കുട്ടികളുടെ കരച്ചില്‍ കേള്‍ക്കമായിരുന്നു. എന്റെ വീട്ടില്‍ കിടന്ന് വളര്‍ന്ന കുട്ടികളാണ്’- രാഹുല്‍ വിങ്ങിപ്പൊട്ടി.