കേന്ദ്രവിഹിതം നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കണം; ഒരുനയാപ്പൈസ പോലും കേന്ദ്രം സര്‍ക്കാര്‍ നല്‍കാനില്ല; കള്ളക്കണക്കുകള്‍ക്ക് മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് വി.മുരളീധരന്‍ പറഞ്ഞു. നെല്ല് സംഭരണത്തിന് കേന്ദ്രം നല്‍കുന്ന തുക നേരിട്ട് കര്‍ഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പണം കര്‍ഷകര്‍ക്ക് നല്‍കാതെ വായ്പയായി നല്‍കുന്ന രീതി മാറണം.സിബില്‍ സ്‌കോര്‍ കുറഞ്ഞു പോയാല്‍ വീണ്ടും വായ്പ എടുക്കാന്‍ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കര്‍ഷകര്‍. നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക് ആനുപാതികമായി കേരളവും വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല.

കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ പോകുന്ന പണം കിട്ടിയില്ല എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഒരുനയാപ്പൈസ പോലും നല്‍കാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ഡല്‍ഹിയില്‍ സമരം ചെയ്യുകയല്ല, കേന്ദ്രം നല്‍കിയത് കൊടുത്ത് തീര്‍ക്കുകയാണ് വേണ്ടതെന്നും വി.മുരളീധരന്‍ പ്രതികരിച്ചു.

ധൂര്‍ത്തും ആഢംബരവുമായി നടക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതം കാണുന്നില്ല. കര്‍ഷകര്‍ക്ക് ഒപ്പമെന്ന് ഒരുവശത്ത് പ്രഖ്യാപനം നടത്തുകയും മറുവശത്ത് അവരെ കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്.

ചെഗുവേര ചെസും പിണറായി ടെന്നീസും അല്ല ആവശ്യമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. സ്വന്തം വീഴ്ചകള്‍ മറച്ചുപിടിക്കാനുള്ള കള്ളക്കണക്കുകള്‍ക്ക് വരുംദിവസം മറുപടി നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.