'കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നു'; ജാതിസംവരണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ്

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് എൻഎസ്എസ്. ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ ആവശ്യപ്പെട്ടു. എൻഎസ്എസ് ബഡ്‌ജറ്റ്‌ സമ്മേളനത്തിലായിരുന്നു ഇത് സംബന്ധിച്ച ആവശ്യം.

ജാതി സംവരണം വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണെന്നും ജി സുകുമാരൻനായർ പറഞ്ഞു. ഇത് രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുമെന്നും ജി സുകുമാരൻനായർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.

ജാതിമത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനമാണ് രാജ്യത്ത് വേണ്ടതെന്നും ജി സുകുമാരൻനായർ കൂട്ടിച്ചേർത്തു. മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ് ഇരു സർക്കാരുകളും ചെയ്യുന്നത്. ജാതിസമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങിയുള്ള, രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയുമെന്നും ജി സുകുമാരൻനായർ കുറ്റപ്പെടുത്തി.