'കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടു പോകുന്നവരോ, കടത്തിക്കൊണ്ടു പോകുന്നവരോ അല്ല'; കന്യാസ്ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടു പോകുന്നവരോ, കടത്തിക്കൊണ്ടു പോകുന്നവരോ അല്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞ ബിഷപ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്നും കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകൾക്കെതിരെ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും, മതേതരത്വം ദുർബലമാകുമ്പോൾ ഭരണഘടനയും ബലഹീനമാകുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ‘മനുഷ്യക്കടത്ത് നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗ്ഗത്തിലേക്കാണ്. ഈ ഭൂമിയിലെ മനുഷ്യർക്ക് സ്വർഗ്ഗം കാണിച്ചുകൊടുക്കുന്നവരാണ് കന്യാസ്ത്രീകൾ’ എന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് മതപരിവർത്തനം ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെൺകുട്ടി നടത്തിയ പ്രതികരണം.

Read more