ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസ്; നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കും

നയതന്ത്ര ചാനല്‍വഴി ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കസ്റ്റംസിന കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. യുഎഇ കോണ്‍സുലേറ്റ് ജനറലിനും, അറ്റാഷെയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേസില്‍ നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് തുടര്‍നടപടിക്കള്‍ക്കായി കേന്ദ്രത്തിന്റെ അനുമതി തേടിയത്.

നയതന്ത്ര ചാനല്‍ വഴി എത്തിക്കുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ല. ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണ്. മൂന്ന് വര്‍ഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. നികുതി ഒഴിവാക്കി ഇത്തരത്തില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങളിലും സ്പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്. അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇത്തരം ഒരു നിര്‍ദ്ദശം മുന്നോട്ട വെച്ചത് എന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

Read more

സംഭവവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ടി ജലീലിനെയും പ്രോട്ടോക്കോള്‍ ഓഫീസറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മതഗ്രന്ഥവും ഈന്തപ്പഴവും കടത്തിയതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഡോളര്‍ക്കടത്ത് കേസും ഈ കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇവയ്‌ക്കൊപ്പം സ്വര്‍ണം കടത്തിയിരുന്നോ എന്നും അന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു.