നടിയെ ആക്രമിച്ച കേസ്; എഡിജിപി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണകരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

സംവിധായകനായ ബൈജു കൊട്ടാരക്കരയാണ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയത്. ഇത് അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേസന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചെന്നും ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണ് പുതിയ അന്വേഷണ ചുമതലയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.തന്നെ കേസില്‍ നിന്ന് മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണെന്ന പ്രചാരണം ബാലിശമാണെന്നായിരുന്നു എഡിജിപി എസ്.ശ്രീജിത്ത് പ്രതികരിച്ചിരുന്നത്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവി തന്നെക്കാള്‍ മിടുക്കനാണെന്നും വിവാദങ്ങള്‍ സൃഷ്ടിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കേസില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞില്ലെന്നും വിചാരണക്കോടതി വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.