നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കുമെന്ന് ബാര്‍ കൗണ്‍സില്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകരോട് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം. ഇത് സംബന്ധിച്ച് അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയക്കുക. അതിജീവിതയുടെ പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനം.

പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് 20ലധികം സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്ന് അതിജീവിത പരാതിയില്‍ പറഞ്ഞു. നിയമവരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി സ്വീകരിക്കണം. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണ് എന്നും അതിജീവിതയുടെ പരാതിയില്‍ പറയുന്നു.

അതേസമയം കേസില്‍ ദിലീപുമായി ഒരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞു. പള്‍സര്‍ സുനിയുമായി സൗഹൃദമുണ്ട് എന്നാല്‍ കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് വിജീഷ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Read more

ഇതിന് പിന്നാലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചു. താനൊഴികെ കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നടപടികള്‍ വൈകും. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചത്.