നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ തുടര്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്. അതേ സമയം തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്നും ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍.

ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപിന്റെ മൊഴി. ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളും നിഷേധിച്ചിരുന്നു.

സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഏപ്രില്‍ 15ന് മുന്‍പായി കേസന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.