കെ. സുധാകരന് എതിരെയുള്ള കേസ്; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയഭീതി മൂലം കെ സുധാകരനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ന് വൈകിട്ടാണ് പ്രതിഷേധ പ്രകടനം.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസാണ് കെ സുധാകരനെതിരെ കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷമ ചോദിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കെപിസിസി പ്രസിഡന്റിനെതിരായ കേസ് ; കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നു (മെയ് 19 ) വൈകുന്നേരം സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണന്‍ അറിയിച്ചു.