കാര്‍ട്ടൂണ്‍ ചാനല്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കാന്‍ വൈകി; ഹരിപ്പാട് നാലാം ക്ലാസുകാരന്‍ ജീവനൊടുക്കി

ആലപ്പുഴ ഹരിപ്പാട് ടിവിയില്‍ കാര്‍ട്ടൂണ്‍ ചാനല്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലാം ക്ലാസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം എള്ളുവിളയില്‍ ബാബുവിന്റെ മകന്‍ കാര്‍ത്തിക് എന്ന ഒന്‍പത് വയസുകാരനാണ് മരിച്ചത്. ഓഗസ്റ്റ് 18ന് ആയിരുന്നു സംഭവം നടന്നത്.

ടിവിയില്‍ കാര്‍ട്ടൂണ്‍ ചാനല്‍ ലഭിക്കുന്നില്ലെന്നും റീചാര്‍ജ്ജ് ചെയ്യണമെന്നും കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. വൈകുന്നേരം റീചാര്‍ജ്ജ് ചെയ്ത് നല്‍കാമെന്ന് അമ്മ സമ്മതം അറിയിച്ചു. എന്നാല്‍ ഇതിന് പിന്നാലെ വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചായ്പില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു.

Read more

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് കുട്ടി വെള്ളിയാഴ്ച രാത്രി മരിച്ചത്.