കെപിസിസി യോഗത്തിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എൻ. ശക്തൻ രംഗത്ത്. ക്യാപ്റ്റൻ-മേജർ തർക്കത്തിലാണ് ശക്തൻ വിമർശനം ഉന്നയിച്ചത്. നേതാക്കളുടെ പ്രവർത്തനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന് ശക്തൻ പറഞ്ഞു. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും യോഗത്തിൽ വിമർശനം ഉണ്ടായി.
ചില നേതാക്കളുടെ ഭാഗത്തുനിന്ന് മിതത്വം ഉണ്ടാകുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിൻ്റേത് എന്നപേരിൽ പട്ടിക പ്രചരിക്കുന്നു. അതിനു പിന്നിൽ ഏത് ശക്തികൾ ആണെന്ന് കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം മിഷൻ 25 ന് വേഗം പോരെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്റ്റനെന്നും രമേശ് ചെന്നിത്തലയെ മേജറെന്നുമുള്ള വിശേഷണങ്ങൾ ഉയർന്ന് വന്നത്. താൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേസമയം ക്യാപ്റ്റൻ എന്നു വിളിച്ചിട്ടുണ്ടെങ്കിൽ, രമേശ് ചെന്നിത്തല ക്യാപ്റ്റനല്ല മേജർ ആണെന്നും വി.ഡി സതീശൻ മറുപടി നൽകിയിരുന്നു.
പിന്നാലെ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാന ക്യാമ്പിലെ സംഘടനാ പ്രമേയത്തിലാണ് യൂത്ത് കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. ‘ക്യാപ്റ്റൻ’, ‘മേജർ’ വിളികൾ നാണക്കേടെന്നും നേതാക്കൾ അപഹാസ്യരാകരുതെന്നും പ്രമേയ ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേടാണെന്നും ക്യാമ്പിൽ വിമര്‍ശനമുയര്‍ന്നു. ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം ക്യാപ്റ്റൻ, മേജർ വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും വിമർശനമുയര്‍ന്നു.