ഇല്ലാത്ത കാന്‍സറിന് കീമോ നല്‍കിയ സംഭവം; ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോര്‍ട്ട്

കാന്‍സറില്ലാത്ത യുവതിക്ക് കീമോ നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്വകാര്യ ലാബിന്റെ പിഴവാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട്. ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കും മുമ്പ്  കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്നത്. എന്നാല്‍ ചികിത്സയില്‍ ഗുരുതര പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി.

കോട്ടയം മെഡിക്കല്‍ കോളജിലെ ഓങ്കോളജി, ജനറല്‍ സര്‍ജറി വിഭാഗത്തിലാണു സംഭവം. മവേലിക്കര നൂറനാട് പാലമേല്‍ ചിറയ്ക്കല്‍ കിഴക്കേതില്‍ രജനി (38) യാണ് ഇല്ലാത്ത രോഗത്തിനു ചികിത്സയ്ക്ക് ഇരയായെന്നു മന്ത്രിക്കു പരാതി നല്‍കിയത്. സംഭവം ഇങ്ങിനെ: കഴിഞ്ഞ ഫെബ്രുവരി 28ന് രജനി മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗത്തില്‍ മാറിടത്തില്‍ ഉണ്ടായ മുഴയ്ക്കു ചികിത്സ തേടിയെത്തി. ജനറല്‍ സര്‍ജറി യൂണിറ്റ് നാലിലായിരുന്നു ചികിത്സ തേടിയത്. പലതവണ ഒപിയില്‍ എത്തി ചികിത്സ തേടി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സ്‌കാനിംഗ്, മാമോഗ്രാം, കോശങ്ങളുടെ ബയോപ്‌സി എന്നിവ നടത്തി.

വീട്ടമ്മയുടെ തലമുടി പൂര്‍ണമായും കൊഴിഞ്ഞു പോയി. ശരീരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇല്ലാത്ത രോഗം ഉണ്ടെന്നു പറഞ്ഞതിന്റെ പേരില്‍ അനുഭവിച്ച മാനസികവ്യഥ വേറെ. ഒടുവില്‍ വീട്ടമ്മ ആരോഗ്യ മന്ത്രിക്കു പരാതി നല്‍കി.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു തെറ്റ് സംഭവിച്ചിട്ടില്ലെന്നും സ്വകാര്യലാബിനാണ് പിഴവ് പറ്റിയതെന്നുമായിരുന്നു കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കൈമാറി. ഇതേ റിപ്പോര്‍ട്ട് തന്നെയായിരിക്കും മന്ത്രിയുടെയും മുന്നിലെത്തുക. ലാബിന് പിഴവ് പറ്റിയതായി കണ്ടെത്തിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

ലാബ് ഉടമകള്‍ക്ക് പുറമെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് എഐവൈഎഫ് രംഗതെത്തി. പരാതിക്കാരിയെ ചികിത്സിച്ച ആര്‍എംഒ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുണ്ടായതായും സംശയിക്കുന്നു.