സ്വകാര്യ ബസുകളില്‍ അകത്തും പുറത്തും ക്യാമറകള്‍ സ്ഥാപിക്കണം; ഒക്ടോബര്‍ 31 അവസാന തീയതി; സമയപരിധി നീട്ടി നല്‍കില്ലെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി നല്‍കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതോടെ നിയമ ലംഘനങ്ങളില്‍ കുറവ് സംഭവിക്കും. നിലവില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ കുറിച്ച് സംസ്ഥാനത്ത് നിരന്തരം പരാതികള്‍ ഉയരുന്നുണ്ട്. ബസുകളെ ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

എല്ലാ സ്വകാര്യ ബസുകളിലും ക്യാമറകള്‍ മുന്നിലും പുറകിലും അകത്തും സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 ന് അവസാനിക്കും. നവംബര്‍ 1ന് മുന്‍പായി സീറ്റ് ബെല്‍റ്റുകള്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമാക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്വകാര്യ ബസുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ നിയമലംഘനങ്ങള്‍ തടയാന്‍ സാധിക്കും. കൊച്ചി കേന്ദ്രീകരിച്ചാണ് പദ്ധതി ആദ്യം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 31ന് ശേഷം സമയപരിധി നീട്ടി നല്‍കില്ല. അതിന് മുന്നേ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.