പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ കൈയേറ്റം ചെയ്‌ത സംഭവം; വി.എച്ച്‌.പി വനിതാ നേതാക്കൾക്ക് എതിരെ കേസ്‌

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ വിഎച്ച്‌പി, ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇന്നലെയാണ്‌ തിരുവനന്തപുരം പേയാട്‌ സ്വദേശിനിയായ യുവതി പരാതി നൽകിയത്‌. സംഘം ചേർന്ന്‌ ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. നോർത്ത്‌ പൊലീസാണ്‌ കേസെടുത്തത്‌.

വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ അനുകൂല പരിപാടി നടന്നിരുന്നു. ഇതില്‍ മതവിദ്വേഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് യുവതി പ്രതിഷേധിച്ചത്. ഇതോടെ പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരുന്ന സ്ത്രീകൾ യുവതിയെ പുറത്താക്കി.  പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ യുവതിയക്ക് നേരെ ആക്രോശവും വധഭീഷണിയും ഉയര്‍ത്തുകയായിരുന്നു. ഇത് ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം.

“ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാ” ണെന്നും കൂട്ടത്തിലെ സ്ത്രീ പറയുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കേള്‍ക്കാം.