ബഫര്‍സോണ്‍ ; ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കണം, കേന്ദ്രം നിയമ നിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് സഭയില്‍ പ്രമേയം

ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ മേഖലയെ പൂര്‍ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സര്‍ക്കാര്‍. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. സുപ്രീംകോടതി വിധി കേരളത്തിന് തിരിച്ചടിയാണ്. ജനജീവിതം ദുസ്സഹമാകും. അതിനാല്‍ നിയമസഹായം നല്‍കാനും ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണത്തിനും കേന്ദ്രം തയ്യാറാകണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

ജനവാസ മേഖല ഉള്‍പ്പെടെ ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കണമെന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേയെന്ന് പ്രതിപക്ഷം സഭയില്‍ ചോദിച്ചു. 2019ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം മന്ത്രി തള്ളി.

Read more

അതേസമയം എംപവേര്‍ഡ് കമ്മിറ്റിക്കു മുന്നില്‍ കേരളം നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് പ്രമേയം ഐക്യകണ്‌ഠേന പാസാക്കി. ജൂണ്‍ മൂന്നിന് ആണ് ബഫര്‍സോണ്‍ വിഷയത്തില്‍ വിധി വന്നത്. അതിന് ശേഷം ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം പാസാക്കിയിരിക്കുന്നത്.