അച്ചടക്കലംഘനം; കെ.വി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്, ഒരാഴ്ച്ചക്കകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശം

പാര്‍ട്ടി വിലക്ക് ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്. ഒരാഴ്ച്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയുടേതാണ് തീരുമാനം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. പാര്‍ട്ടി ഭരണഘടന അനുസരിച്ചാണ് തീരുമാനം. കെ വി തോമസിന്റെ മറുപടി ലഭിച്ചതിന് ശേഷം വിഷയത്തില്‍ തുടര്‍നടപടികള്‍ കൈകൊള്ളുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.

അതേ സമയം നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ വി തോമസ് പറഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിഷയം അച്ചടക്ക സമിതി പരിശോധിക്കട്ടെയെന്നും എകെ ആന്റണി ഒരിക്കലും അനീതി ചെയ്യില്ല. അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷന്റെ നടപടി മര്യാദയില്ലാത്തതാണെന്നും അദ്ദേത്തിന് പ്രത്യേക അജണ്ടയാണെന്നും കെ വി തോമസ് പ്രതികരിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത് സിപിഎം അല്ല കോണ്‍ഗ്രസ് തന്നെയാണ്. വഞ്ചകന്‍ എന്ന പരാമര്‍ശ ശരിയായോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.