'മിഷൻ 28 പ്ലസ്': തൃശൂർ കോർപ്പറേഷൻ പിടിക്കാൻ ബി.ജെ.പി;  ബി.ഗോപാലകൃഷ്ണന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി കളത്തിലേക്ക്

തൃശൂർ കോർപ്പറേഷൻ പിടിക്കാൻ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി. ബി.ഗോപാലകൃഷ്ണൻ മേയർ സ്ഥാനാർത്ഥിയായി  മത്സരിക്കും. മിഷൻ 28 പ്ലസ് എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ.ഡി.എ കോർപ്പറേഷനിൽ  മത്സരിക്കാനൊരുങ്ങുന്നത്. ഇതോടെ കോർപ്പറേഷനിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.

ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച 36 ഡിവിഷനുകളിലും ഇതിനോടകം പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പന്ത്രണ്ട് ഡിവിഷനുകളിലേക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.

ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സംസ്ഥാന നേതാവിനെ തന്നെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കിയുള്ള നീക്കം. നിലവിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിൽ നിന്നുമാണ് ബി ഗോപലകൃഷ്ണൻ മത്സരിക്കുക.

ഇനി ബി.ഡി.ജെ.എസിന്‍റെ ഏഴ് സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എൽ.ഡി.എഫ് കോർപ്പറേഷനിലേക്കുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. യു.ഡി.എഫിന്‍റെ രണ്ടാം പട്ടിക കൂടി വരുന്നതോടെ മത്സരചിത്രം തെളിയും.