ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറും; വിഷു എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്‌നിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി. വിഷു ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും. ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ജാതി-മത-പ്രാദേശിക ചിന്തകള്‍ക്ക് അതീതമായി ഇന്ത്യക്കാര്‍ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ക്രിസ്മസിനും ഈസ്റ്ററിനും ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറി. ഇതില്‍ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.

5.18 കോടി സൗജന്യ വാക്‌സിന്‍ മോദി സര്‍ക്കാര്‍ കേരളത്തില്‍ വിതരണം ചെയ്തു. 1.5 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. 52 ലക്ഷം യുവാക്കള്‍ക്ക് മുദ്രാ ലോണ്‍ വിതരണം ചെയ്തു. 31 ലക്ഷം പേര്‍ക്ക് 26,000 രൂപ കിസാന്‍ സമ്മാന്‍ നിധിയില്‍ വിതരണം ചെയ്തു. 10 ലക്ഷം പേര്‍ക്ക് സൗജന്യ കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ എത്തിച്ചു. അങ്ങനെ നിരവധി പദ്ധതികളാണ് കേരളത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. മോദിയെ കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ നല്ലത് പറയുന്നത് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് മാധ്യ മ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജയിലില്‍ കിടന്നവരാണ് ഇന്ന് ബിജെപിയെ നയിക്കുന്നത്. മാധ്യമങ്ങള്‍ സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.