നിയമസഭാ തിരഞ്ഞെടുപ്പ്; മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ ബി.ജെ.പി,  പൊതുസമ്മതരെ ‘സ്വതന്ത്ര’രാക്കും 

Advertisement

നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസമ്മതിയുള്ള പൊതുപ്രവർത്തകരെയും വ്യത്യസ്ത മേഖലകളിൽ മികവു കാട്ടിയവരെയും ബി.ജെ.പി. സ്ഥാനാർത്ഥികളാക്കും. സ്ഥാനാർത്ഥി നിർണയത്തിൽ കേന്ദ്ര ഘടകത്തിന്റെ ഇടപെടലും നിരീക്ഷണവുമുണ്ടാകും. സംസ്ഥാനത്തിനു മാത്രമായി കേന്ദ്രനേതൃത്വം പ്രത്യേക തന്ത്രവും കർമ്മപദ്ധതിയും തയ്യാറാക്കുകയാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

നടൻ മോഹൻലാൽ നിയമസഭയിലേക്ക്‌ മത്സരിക്കാനിടയില്ലെങ്കിലും എം.പിയായ സുരേഷ്‌ ഗോപിക്കുമേൽ സമ്മർ്ദദമുണ്ടാകും. സുരേഷ്‌ ഗോപി മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുമുണ്ട്. മുൻ ഡി.ജി.പി.മാരായ ടി.പി. സെൻകുമാർ, ജേക്കബ് തോമസ് എന്നിവരെ മത്സരിപ്പിക്കാനിടയുണ്ട്. ജയസാദ്ധ്യതയുള്ള മണ്ഡലങ്ങൾ ഇവർക്കു കരുതേണ്ടി വരുമെന്നതാണ് ബാദ്ധ്യത. ജയസാദ്ധ്യതയുള്ള മണ്ഡലങ്ങൾ സ്വതന്ത്രർക്ക് മാറ്റിവെയ്ക്കുമ്പോൾ പാർട്ടിയിലെ പ്രമുഖർക്ക് അവസരം ഉറപ്പാക്കുകയും വേണം. ഇക്കാര്യത്തിൽ അന്തിമവാക്ക് കേന്ദ്ര നേതൃത്വത്തിന്റേതാകും. പാർട്ടിയുടെ ഭാഗമായി കഴിഞ്ഞ ഡോ. കെ.എസ്. രാധാകൃഷ്ണൻ, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ മത്സരത്തിനുണ്ടാകുമെന്ന് ഉറപ്പാണ്.

60 മണ്ഡലങ്ങളിലെങ്കിലും പ്രമുഖരായ സ്വതന്ത്രരുൾപ്പെടെ ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തും. മുപ്പതോളം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധവേണ്ടിവരുമെന്നാണ് പാർട്ടി കരുതുന്നത്.

സി.വി. ആനന്ദബോസും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാനിടയുണ്ട്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരൻ മത്സരിക്കണമോയെന്നത് ദേശീയ നേതൃത്വം തീരുമാനിക്കും.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അസൗകര്യത്തെ തുടർന്ന് തിരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചയ്ക്ക് സംസ്ഥാന സമിതി യോഗം ചേരാൻ കുറച്ചുദിവസം കൂടി വൈകും.