'ഭഗവല്‍ സിംഗ് സി.പി.എം സഹയാത്രികന്‍'; പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നെന്ന് പത്തനംതിട്ട ഏരിയ സെക്രട്ടറി

ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ഭഗവല്‍ സിംഗ് പാര്‍ട്ടി സഹയാത്രികനായിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍ പ്രദീപ്. ചുമതലകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നെന്നും ദമ്പതികളുടെ രീതികളിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പി.ആര്‍ പ്രദീപ് പറഞ്ഞു.

ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതി പാര്‍ട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്നും ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നരബലി ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗം. കര്‍ശന നിലപാട് വേണം. ഇന്ത്യയിലെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൂജ കഴിക്കുന്നു. മുതലാളിത്തത്തിന്റേയും ഫ്യൂഡല്‍ ജീര്‍ണതയുടെയും സങ്കരമാണ് ഇന്ത്യയില്‍ കാണുന്നത്. ഇതിനെതിരെ കര്‍ശന ബോധവല്‍ക്കരണം വേണം.

നിയമനിര്‍മ്മാണം കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാനാകില്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മാണത്തിന് സിപിഎമ്മിന് അനുകൂല നിലപാടാണുള്ളതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഭഗവല്‍ സിംഗ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്റേയും പോഷകസംഘടനയുടേയും പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നുവെന്നും സോഷ്യല്‍ മീഡിയിലൂടെ നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രനും പ്രതിയുടെ സിപിഎം ബന്ധം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചിരുന്നു.