പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് മൂന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം; കെ റെയില്‍ ചര്‍ച്ചയാക്കി സിപിഐ

സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് മൂന്ന് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി ജനങ്ങളെ ബോധ്യപ്പെടുത്തണം, സാമൂഹിക ആഘാത പഠനറിപ്പോര്‍ട്ട് പുറത്തുവിടണം, കുടിയൊഴിപ്പിക്കുന്നവരെ പുനരവധിവസിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ടെന്നും പ്രകാശ് ബാബു പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ജനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാകും. സര്‍ക്കാര്‍ പ്രവര്‍ത്തനം പ്രതികൂലമായി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.

ജനവിധിയാണ് വലുതെന്നാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി നല്‍കുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് വേണം വികസന നയം നടപ്പാക്കാനെന്നും ഇപ്പോഴത്തെ ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അമിതാവേശമാണെന്ന് സിപിഐ നേതൃത്വം പറയുന്നു. മണ്ഡലം മനസ്സിലാക്കാതെയാണ് പ്രചാരണം നടത്തിയത്. അമിത പ്രതീക്ഷ പുലര്‍ത്തിയത് ആപത്തായി. പ്രചാരണ കോലാഹലമാണ് കനത്ത തിരിച്ചടിക്ക് കാരണമായത്. തോല്‍വിയെ കുറിച്ച് സിപിഎം പരിശോധിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും സിപിഐ നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

തൃക്കാക്കരയില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം വീഴ്ചപറ്റിയെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഇടതു വിരുദ്ധവോട്ടുകള്‍ ഒന്നിച്ചതാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം. സഹതാപ തരംഗവും യുഡിഎഫിന് അനുകൂലമായെന്നും തങ്ങള്‍ക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.