ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു; ജോസ് കെ. മാണിക്ക് എതിരെ ആരോപണവുമായി ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.  മാണിക്കെതിരെ ഗുരുതര ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. ഒരു രാഷ്ട്രീയ പാർട്ടിയും ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടി. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു.

ജോസ് കെ. മാണി വിളിച്ച് ആദ്യം ഭീഷണിപ്പെടുത്തി സംസാരിച്ചു. പിന്നെ പണം വാഗ്ദാനം ചെയ്തു. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലേക്കാണ് ജോസ് കെ. മാണി വിളിച്ചത്. ഈ സമയം നിരവധി ബാറുടമകള്‍ തന്നോടൊപ്പമുണ്ടായിരുന്നു. ബാര്‍ അസോസിയേഷന്റെ യോഗത്തിനിടെയാണ് വിളി വന്നത്. ജോണ്‍ കല്ലാട്ട് സ്പീക്കര്‍ ഫോണില്‍ സംസാരം കേള്‍പ്പിച്ചു. പത്തുകോടി വാങ്ങി കേസ് പിന്‍വലിക്കാനാണ് പലരും ഉപദേശിച്ചത്. എന്താണ് പറയേണ്ടത് മെയില്‍ ചെയ്യാന്‍ താന്‍ ജോണ്‍ കല്ലാട്ടിനോട് പറയുകയും അദ്ദേഹം മെയില്‍ ചെയ്യുകയും ചെയ്തിരുന്നു.

ബിജുവിന് എന്താണ് വേണ്ടത് അതു ചെയ്തു തരാമെന്നാണ് ജോസ് പറഞ്ഞത്, മാണിസാര്‍ വലിയ പ്രശ്‌നത്തിലാണ്. ഉറങ്ങാന്‍ പറ്റുന്നില്ലെന്നാണ് ജോസ് പറഞ്ഞത്. മരുമകന്‍ വരെ വിളിച്ചിട്ടുണ്ട്. ജോസ് രണ്ടു തവണ തന്നെ വിളിച്ചു. പിന്നീട് രാധാകൃഷ്ണപിള്ള എന്നൊരാളെ കൊണ്ട് വിളിപ്പിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.

കെ.എം മാണിക്കെതിരെ താന്‍ ആരോപണം ഉന്നയിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ആദ്യ ഫോണ്‍ വന്നത്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഉന്മൂലനം ചെയ്തു കളയുമെന്നായിരുന്നു ഭീഷണി. കെ.എസ്.എഫ്.സി ചെയര്‍മാനായിരുന്ന ജോസ് എന്നയാളാണ് ആദ്യം വിളിച്ചത്. ഇതിന്റെയെല്ലാം റെക്കോഡ് വിജിലന്‍സിന് സമര്‍പ്പിക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ പണം പിരിച്ച് കെ.ബാബുവിന് നല്‍കിയിട്ടുണ്ട്. ഇരുസര്‍ക്കാരുകളും കെ.എം മാണിയെ സഹായിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. കേസില്‍ നിന്ന് പിന്മാറരുതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ ഉപദേശിച്ചു. ആരുമായും ആലോചിച്ചിട്ടില്ല താന്‍ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാക്കളൊന്നും തന്നെ ബന്ധപ്പെട്ടിട്ടുമില്ല. ആരോപണം സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം തനിക്കറിയാവുന്നതാണെന്നും അതില്‍ ഉറച്ചു നില്‍ക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞുവെന്നും ബിജു പറഞ്ഞു.

ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ആരോപണത്തിന് ശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുമായാണ്. കേസില്ലായിരുന്നുവെങ്കിൽ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആരോപണത്തിന് ശേഷം പി സി ജോർജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.