'ആസാദ് കശ്മീര്‍' പരാമര്‍ശം: കെ.ടി ജലീലിന് എതിരെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി

ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയ ബി.ജെ.പി പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ ജി.എസ് മണി തന്നെയാണ് കോടതിയിലും ഹര്‍ജി നല്‍കിയത്. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാണ് ആവശ്യം.

കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വലിയ വിവാദമായത്. പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീരിലെ പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് ജലീല്‍ വിശേഷിപ്പിച്ചതായിരുന്നു വിവാദത്തിനടയാക്കിയത്.

ജലീലിന്റെ പരാമര്‍ശത്തെ മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ള ആളുകള്‍ തള്ളിപ്പറഞ്ഞിരുന്നു. ജലീല്‍ പറഞ്ഞത് സിപിഎം നിലപാട് അല്ലെന്നും, പാര്‍ട്ടിക്ക് ഇതില്‍ കൃചത്യമായ നിലപാട് ഉണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

വിവാദം കടുത്തതോടെ ജലീല്‍ പോസ്റ്റ് പിന്‍വിലക്കുകയാണെന്ന് അറിയിച്ചു. അതേസമയം ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് താന്‍ ‘ആസാദ് കശ്മീര്‍’ എന്ന് എഴുതിയത്. അത് മനസിലാകാത്തവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും കെ.ടി. ജലീല്‍ വിശദീകരിച്ചിരുന്നു.