ഷാജഹാന്‍ വധം; 'അന്വേഷണം നടക്കട്ടെ', സി.പി.ഐ നിലപാടിനൊപ്പം യെച്ചൂരി, വെട്ടിലായി സംസ്ഥാന ഘടകം

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് എറ്റെടുക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കൊലപാതകത്തെ ശക്തമായി അപലപിച്ച യെച്ചൂരി നിഗമനങ്ങളില്‍ എത്താന്‍ സമയമായിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ചു.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സംസ്ഥാന ഘടകം ആരോപിക്കുന്നത്. ആര്‍എസ്എസ് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചത് ആര്‍എസ്എസിനെ അസ്വസ്ഥതപ്പെടുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. ഒരു സംഭവം ഉണ്ടായാല്‍ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല. സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ എന്നും കാനം പ്രതികരിച്ചു.

Read more

അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍, നിയമസഭയിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം കൊലപാതകങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണമുണ്ടായത്.