ഓഫ് എയര്‍ എന്നാല്‍ ജനാധിപത്യത്തിന് നോ എയര്‍ എന്നാണര്‍ത്ഥം, ഒരു പക്ഷി കൂടി കണ്ണടയ്ക്കുന്നു; മീഡിയാവണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ചതില്‍ അരുണ്‍ കുമാര്‍

മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ഓഫ് എയര്‍ എന്നാല്‍ ജനാധിപത്യത്തിന് നോ എയര്‍ എന്നാണര്‍ത്ഥം. മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ പ്രാണവായു നേര്‍ത്തു പോകുന്നു എന്ന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

അരുണ്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കല്‍ക്കരി ഖനികളില്‍ വിഷവാതക സാന്നിധ്യം തിരിച്ചറിയാന്‍ കാനറി പക്ഷികളെ ഉപയോഗിച്ചിരുന്നു അടുത്ത കാലം വരെയും ബ്രിട്ടന്‍. ഖനികളിലെ പ്രാണവായുവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ് പുറത്തു വരുന്ന കാനറി പക്ഷികള്‍. ജനാധിപത്യത്തിന്റെ സാന്നിധ്യമറിയിക്കുന്ന കാനറി പക്ഷികളാണ് മാധ്യമങ്ങള്‍. മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ പ്രാണവായു നേര്‍ത്തു പോകുന്നു എന്ന് തന്നെയാണ്.
ഒരു പക്ഷി കൂടി കണ്ണടയ്ക്കുന്നു…!
ഓഫ് എയര്‍ എന്നാല്‍ ജനാധിപത്യത്തിന് നോ എയര്‍ എന്നാണര്‍ത്ഥം.
തിരിച്ചു വരുമെന്ന വിശ്വാസമോടെ, ഒപ്പം !

Read more