അരൂരിൽ ക്രിമിനലുകളെ ഇറക്കി എൽ.ഡി.എഫ് പ്രകോപനം സൃഷ്ടിക്കുന്നതായി യു.ഡി.എഫ്, പി. ജയരാജന്റെ വീടിന് മുമ്പിൽ സംഘർഷം

തിരഞ്ഞെടുപ്പ് പ്രചാരണ ചൂട് മൂർദ്ധന്യാവസ്ഥയിൽ എത്തിയതോടെ അരൂരിൽ ഇക്കുറി ആര് എന്ന ചോദ്യം ശക്തമാവുന്നു. പ്രചാരണ രംഗത്ത് മൂന്ന് മുന്നണികളും ഒപ്പത്തിന് ഒപ്പമാണെങ്കിലും എൽ ഡി എഫും യു ഡി എഫും നേർക്ക് നേരെ വരുന്ന ഇവിടത്തെ ഫലം പ്രവചനാതീതമാവുകയാണ്. 2016-ലെ വലിയ ഭൂരിപക്ഷത്തിന്റെ കണക്കുമായി മനു സി.  പുളിക്കലിന്റെ പ്രചാരണരഥം ഉരുളുമ്പോൾ ഏറ്റവും ഒടുവിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെ മിന്നുന്ന ലീഡ് തന്നെയാണ് യു ഡി എഫിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ്.

കേരളത്തിലെ അഞ്ചു ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും അധികം വിവാദങ്ങൾ കത്തിക്കയറിയ പ്രചാരണത്തിന് വേദിയായത് അരൂർ മണ്ഡലമാണ്.
എന്നാൽ അവസാന ലാപ്പുകളിൽ വികസന രംഗത്തെ പിന്നോക്കാവസ്ഥയാണ് യു ഡി എഫ് ഇവിടെ ഉയർത്തുന്ന പ്രധാന ആയുധം. ഇത് ജനങ്ങൾ ഏറ്റെടുക്കുമ്പോൾ വിജയം തങ്ങളോടോപ്പമായിരിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ പറയുന്നു. എന്നാൽ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ പണം അനുവദിച്ച മണ്ഡലങ്ങളിലൊന്നാണ് അരൂർ എന്നാണ് ഇടത് ക്യാമ്പിന്റെ ഇതിനുള്ള മറുപടി. ഏതായാലും അവസാന ലാപ്പിൽ പ്രവചനങ്ങൾക്ക് പിടി കൊടുക്കാതെയാണ് അരൂർ മണ്ഡലം നില കൊള്ളുന്നത്.

അതിനിടെ പുതിയ വിവാദത്തിനും ഇവിടെ തിരി കൊളുത്തിയിട്ടുണ്ട്. ക്രിമിനലുകളെ ഇറക്കി എൽ ഡി എഫ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള ആരോപണവുമായി യു ഡി എഫ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. കണ്ണൂർ മേഖലയിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ മണ്ഡലത്തിലിറക്കി പ്രകോപനം സൃഷ്ടിക്കുന്നതായാണ് ആരോപണം. തോൽവി ഉറപ്പായ സാഹചര്യത്തിൽ ജനങ്ങളെ ഭയപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് യു ഡി എഫ് ക്യാമ്പ് പറയുന്നു. സി പി എമ്മിലെ മുതിർന്ന നേതാവ് പി ജയരാജനാണ് അരൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് ക്രിമിനലുകൾ മണ്ഡലത്തിൽ വിഹരിക്കുന്നതെന്നാണ് യു ഡി എഫ് പറയുന്നത്. കഴിഞ്ഞ ദിവസം ഇതേ ചൊല്ലി ജയരാജൻ താമസിക്കുന്ന വീടിന് സമീപം ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം ഉണ്ടാവുകയും ചെയ്തു.