ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരിയും നിരവധി കേസുകളിൽ പ്രതിയുമായ അർജുൻ ആയങ്കി. സ്ലീപ്പർ സെൽ ഫാൻസ് സി.പി.എമ്മിനുണ്ടെന്ന് ആയങ്കി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ലെന്നും അർജുൻ മുന്നറിയിപ്പ് നല്കി. പ്രശാന്ത് ശിവൻ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ പ്രതികരണം.
അർജുൻ ആയങ്കിയുടെ കുറിപ്പ്
പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്…. തുടരും സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായി. മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായഭേദമന്യേ ജനങ്ങൾ തിയേറ്ററിൽ ഇരച്ചുകയറും അങ്ങനൊരു പ്രതിഭാസം മോഹൻലാലിനുണ്ട്. അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്.
ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് പോരാടും യുദ്ധം ചെയ്യും. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ല…!!പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്.







