പാതിവില തട്ടിപ്പിൽ വാദങ്ങൾ പൊളിയുന്നു; ആനന്ദ് കുമാർ എൻജിഒ ഫെഡറേഷന്റെ ആജീവനാന്ത ചെയർമാൻ, സ്ഥാപക അംഗങ്ങളിൽ അനന്തു കൃഷ്ണനും

കേരളത്തെ ഞെട്ടിച്ച പാതി വില തട്ടിപ്പ് കേസിന്റെ നിർണായക രേഖകൾ പുറത്ത്. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന ആനന്ദ് കുമാറിന്റെ വാദങ്ങൾ പൊളിയുന്നു. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ് കുമാർ എൻജിഒ ഫെഡറേഷന്റെ ആജീവനാന്ത ചെയർമാൻ ആണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ട്രസ്റ്റിന്റെ പൂർണ അധികാരി ആനന്ദ് കുമാറെന്ന് ട്രസ്റ്റ് ഡീഡ് രേഖയിൽ വ്യക്തമാണ്. അഞ്ചാംഗ സ്ഥാപക അംഗങ്ങളിൽ അനന്തു കൃഷ്ണനും ഉൾപ്പെടുന്നു.

ആനന്ദ് കുമാറും അനന്തു കൃഷ്‌ണനും ഉൾപ്പെടെ അഞ്ച് സ്ഥാപക അംഗങ്ങളാണ് എൻജിഒ ഫെഡറേഷനിലുള്ളത്. ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവരാണ് സ്ഥാപക അംഗങ്ങൾ. എൻജിഒ കോൺഫെഡറേഷനിൽ അഞ്ചുപേർക്കും പിന്തുടർച്ചാവകാശം നൽകിയിട്ടുണ്ട്. സ്ഥാപക അംഗങ്ങളിലേക്ക് കൂടുതൽ അംഗങ്ങളെ നിർദേശിക്കാനുള്ള അധികാരവും ചെയർമാനായ ആനന്ദകുമാറിനാണ്.

തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയിൽ ആനന്ദ കുമാറിൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസ് കണ്ടെത്തൽ. എൻജിഒ കോൺഫെഡറേഷൻ്റെ ചുമതലയിൽ നിന്ന് ആനന്ദകുമാർ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. ഇതിനിടെയിലാണ് ഇപ്പോൾ പുതിയ കണ്ടെത്തലുകൾ.