കെ. റെയിലില്‍ മുഖ്യമന്ത്രിക്ക് എതിരെ അവകാശലംഘന പരാതിയുമായി അന്‍വര്‍ സാദത്ത്

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് പരാതി നല്‍കി അന്‍വര്‍ സാദത്ത് എം.എല്‍.എ. കെ റെയിലിന്റെ ഡിപിആര്‍ സംബന്ധിച്ച് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് അന്‍വര്‍ സാദത്ത് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 27ന് പദ്ധതിയുടെ ഡിപിആറിന്‍രെ വിശദാംശങ്ങളെ കുറിച്ച് അന്‍വര്‍ സാദത്ത് നിയമസഭയില്‍ ചോദിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള കെ റെയിലിന്റെ വിശദ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠനം നടത്തിയതിന്റെ റിപ്പോര്‍ട്ടും നല്‍കാനാകുമോ, അവ സര്‍ക്കാര്‍ അംഗികരിച്ചതാണോ എന്നുമാണ് എംഎല്‍എ ചോദിച്ചത്. ഇതിന് മറുപടിയായി റിപ്പോര്‍ട്ടുകള്‍ സിഡിയില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ടെന്നും ഇത് സര്‍ക്കാര്‍ അംഗീകരിച്ചതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ അങ്ങനെയൊരു സിഡി തനിക്ക് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമസഭ മുഖേനയോ അല്ലാതെയോ തനിക്ക് ഈ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഒരു സാമാജികന്‍ എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണ് ഇതെന്നും സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടണമെന്ന് ആവശ്യവുമായി സിപിഐ അടക്കം നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡിപിആര്‍ പുറത്ത് വിട്ടിരുന്നില്ല.