ആനാവുർ നാഗപ്പനെ തള്ളി അനുപമ; പാർട്ടി പറയുന്നത് കള്ളം, പിന്തുണയ്ക്കുമെന്ന വിശ്വാസമില്ല

 

അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നിലപാടിനെ തള്ളി അനുപമയും അജിത്തും. ആനാവുർ നാഗപ്പൻ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ നടന്നത്. തന്റെ കുഞ്ഞിനെ കണ്ടെത്തി തരുകയല്ല പാർട്ടിയുടെ ജോലി എന്ന് പറഞ്ഞ് ആനാവുർ നാഗപ്പൻ ദേഷ്യപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയും ഇല്ലെന്നു അനുപമയും അജിത്തും വ്യകത്മാക്കി. കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ആനാവൂർ നാഗപ്പനെ സമീപിച്ചപ്പോൾ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്ന് അനുപമയും അജിത്തും ആരോപിച്ചു. ആനാവൂർ നാഗപ്പൻ ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും അനുപമ പറഞ്ഞു.

ആറ് മാസം മുമ്പേ ഇതേ വിഷയത്തിൽ ആനാവൂ‍ർ നാ​ഗപ്പനെ നേരിൽ പോയി കണ്ടതാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആനാവൂ‍ർ നാ​ഗപ്പനും ജയൻ ബാബു സഖാവിനും പരാതി നൽകി. പൊലീസ് കുഞ്ഞിനെ കണ്ടു പിടിച്ചു തരട്ടെയെന്നാണ് നേതാക്കൾ പറഞ്ഞത്. പിന്നെങ്ങനെയാണ് അവിടെ പരാതി നൽകുന്നത് എന്ന് അനുപമ ചോദിക്കുന്നു. ഇക്കാരണത്താലാണ് പൊലീസിൽ പരാതി നൽകിയത്. വിശദാംശങ്ങൾ നൽകിയില്ലെന്ന് പറഞ്ഞത് ശരിയല്ല. 17 മിനിറ്റ് ആണ് വീഡിയോ കോളിൽ സംസാരിച്ചത്. പാർട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല. പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു എന്ന് പറയുന്നത് കള്ളമാണെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി അനധികൃതമായി ദത്തു കൊടുത്തു എന്ന പരാതിയിൽ അമ്മ അനുപമയ്ക്ക് ഒപ്പമെന്നായിരുന്നു സി.പി.എം ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് പാർട്ടി നിലപാട് .പാർട്ടിക്ക് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. അനുപമയുടെ പിതാവ് ജയചന്ദ്രന്റെ നിലപാട് പാർട്ടി ന്യായീകരിക്കില്ല .അജിത്തിനെ ഭീഷണിപ്പെടുത്തിയെന്ന വാർത്ത ശരിയല്ലെന്നും അജിത്തിന്റെ പിതാവുമായാണ് സംസാരിച്ചതെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നേരത്തെ പറഞ്ഞിരുന്നു.