ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. നടൻ കൈമാറിയ വാട്ട്സ്ആപ് ചാറ്റുകളും ഫോട്ടോകളും അടക്കമുള്ള രേഖകളും കോടതി ഇന്ന് പരിശോ​ധിക്കും. വിജയ് ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്‌ക്കുള്ള ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.

ഹർജി വീണ്ടും പരിഗണിച്ചപ്പോൾ, വിജയ് ബാബു നാട്ടിലെത്തട്ടെയെന്ന് വാക്കാൽ പറഞ്ഞെങ്കിലും ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.

പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി നടി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിൻറെ നിലപാട്. മാർച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണ് നടി പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി വിജയ് ബാബു നിഷേധിച്ചു.

2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്.

ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.