അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയതില്‍ ഗുരുതര വീഴ്ചയെന്ന് ചീഫ് മാര്‍ഷല്‍, റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കി

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തും ഇടനിലക്കാരിയുമായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരളസഭ നടന്ന സമയത്ത് നിയമസഭാ സമുച്ചയത്തില്‍ എത്തിയത് ഗുരുതര വീഴ്ചയെന്ന് ചീഫ് മാര്‍ഷല്‍ റിപ്പോര്‍ട്ട്.  സ്പീക്കര്‍ എം ബി രാജേഷിന് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം സ്പീക്കര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

നിയന്ത്രണങ്ങള്‍ ലംഘിച്ച് അനിത നിയമസഭയില്‍ പ്രവേശിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെ സഹായത്തോടെയാണ് ഇവര്‍ നിയമസഭയിലേക്കെത്തിയതെന്നാണ് വിവരം. ബിട്രെറ്റ് സൊല്യൂഷന്‍സിന്റെ ജീവനക്കാരനായ പ്രവീണിന് ഒപ്പമാണ് അനിത എത്തിയത്. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിത ഉണ്ടായിരുന്നു.

സിസിടിവ ദൃശ്യങ്ങള്‍ പരിശോധിച്ച ചീഫ് മാര്‍ഷലും പ്രവീണിനൊപ്പം തന്നെയാണ് അനിത നിയമസഭയില്‍ എത്തിയതെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‌ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയാണ് ബിട്രെറ്റ് സൊല്യൂഷന്‍സ. ഇവര്‍ക്ക് ബില്ലുകള്‍ കൈമാറാന്‍ സഹായിക്കുന്നയാളാണ് പ്രവീണ്‍. ഇയാള്‍ക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു.

അനിതക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് അനുവദിച്ചിരുന്നില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നത്.