കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം  കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതാരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചലചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ച അനിലിനെ ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോരവീണ മണ്ണില്‍ നിന്ന്, എം മോഹനന്റെ കഥപറയുമ്പോള്‍ എന്ന സിനിമയിലെ വ്യത്യസ്തനാമൊരു ബാര്‍ബര്‍, ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലെ ഗാനങ്ങള്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കര്‍, പാസഞ്ചര്‍, മാണിക്യക്കല്ല് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പാട്ടുകള്‍ എഴുതി. വയലില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി  1965 നവംബർ 20-നാണ് അനിൽ പനച്ചൂരാന്റെ ജനനം.  അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥ പേര്. നങ്ങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: മായ, മൈത്രേയി, അരുൾ എന്നിവരാണ് മക്കൾ.