തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെത്തുടർന്നെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പറഞ്ഞ ബി ഗോപാലകൃഷ്ണൻ സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യണമെങ്കിൽ താൻ പത്ത് പതിനഞ്ച് പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
കോഴിക്കോട് കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണൻ. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ കൂടുതൽ ചര്‍ച്ചചെയ്യാന്‍ പറ്റില്ലെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
അതിനിടെ ആനന്ദ് കെ തമ്പിയുടെ മരണത്തിൽ പ്രതികരിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന് നേതൃത്വം അറിയിച്ചു. ഒരുകാലത്തും പാർട്ടി പ്രവർത്തകൻ ആയിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ആനന്ദ് ഉണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് എന്നും ആനന്ദിന്റെ മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും നേതൃത്വം ആരോപിച്ചു.







