എന്‍.എസ്.എസിന് സമദൂര നിലപാട്; ഉമ തോമസ് അര്‍ഹയെങ്കില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കട്ടെ: സുകുമാരന്‍ നായര്‍

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാടാണുള്ളത്. ഉമ തോമസ് അര്‍ഹയെങഅകില്‍ അവരെ തൃക്കാക്കരയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഉമ തോമസിന്റേത് സൗഹൃദ സന്ദര്‍ശനമാണെന്നും സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് പെരുന്നയിലെത്തിയതെന്നും ഉമ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍എസ്എസ് നേതൃത്വവുമായി പി.ടി തോമസിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം സിപിഎം സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ തൃക്കാക്കരയില് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുകയാണ്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനായ ജോ ജോസഫാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയത്.

മെയ് 31നാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തിയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.