പേരാവൂരില്‍ സിപിഎം സമരത്തില്‍ പങ്കെടുക്കാത്തതിന് ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് നിഷേധിച്ചെന്ന ആക്ഷേപം: റിപ്പോര്‍ട്ട് തേടി പേരാവൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍

കണ്ണൂര്‍ പേരാവൂരില്‍ സിപിഎം സമരത്തില്‍ പങ്കെടുക്കാത്ത ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് പണി നിഷേധിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പേരാവൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍. മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴില്‍ നിഷേധിച്ചെന്ന ബിജെപി പരാതിയിലാണ് പേരാവൂര്‍ പഞ്ചായത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ നിഷേധിക്കപ്പെട്ട ആദിവാസി വയോധിക ലക്ഷ്മി ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല.

തൊഴിലുറപ്പ് പണിക്ക് ആളുകള്‍ കൂടുതല്‍ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാര്‍ നല്‍കുന്ന വിശദീകരണം. വെളളിയാഴ്ച്ച രാവിലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം. വ്യാഴാഴ്ച്ച കണ്ണൂര്‍ നഗരത്തില്‍ നടന്ന തൊഴിലുറപ്പ് ഭേദഗതിക്കെതിരായ സിപിഎം സമരത്തില്‍ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖമായതിനാല്‍ മൂന്ന് ദിവസമായി ജോലിക്കും വന്നിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം പണിക്ക് വന്നാല്‍ മതിയെന്ന് ഒരു വിഭാഗം പറഞ്ഞത്.

Read more

തൊഴിലാളികള്‍ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് തൊഴിലുറപ്പ് മേറ്റും പറഞ്ഞുവെന്നാണ് പുറത്തുവന്ന വിവരം. സംഭവം വിവാദമായതോടെ 42 പേര്‍ക്കുളള തൊഴില്‍ദിനം മാത്രമേ ബാക്കിയുളളവെന്നും അതിനാലാണ് കുറച്ചുപേരെ മാറ്റി നിര്‍ത്തിയതെന്നും മേറ്റ് വിശദീകരിച്ചു. നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പേരാവൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇപ്പോള്‍ പേരാവൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.