കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചു; ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.ജെ.പിയോടും പോരാടണമെന്ന് കെ. മുരളീധരൻ

സംസ്ഥാനത്തെ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചെന്ന് കെ. മുരളീധരൻ എം.പി. ഇനി ഗ്രൂപ്പിന്‍റെ പേരിൽ വീതംവെപ്പില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അഭിപ്രായം തേടുമെന്നും മുരളീധരൻ പറഞ്ഞു. . കോഴിക്കോട് പുതിയ ജില്ല കോൺ​ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്റെ ചുതലയേറ്റെടുക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണ്. കോൺഗ്രസ് സെമി കേഡർ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.ജെ.പിയോടും പോരാടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ജംബോ കമ്മിറ്റിയും ഗ്രൂപ്പുമാണ് കോൺഗ്രസിലെ പ്രശ്നം. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന വോട്ടർമാർക്ക് കൊടുക്കാൻ പോലും ആളുണ്ടായിരുന്നില്ല. എന്നാൽ, ബൂത്തിന്‍റെ പണം കണക്ക് പറഞ്ഞ് വാങ്ങും. വട്ടിയൂർക്കാവ് മണ്ഡലത്തിലും ഇത് സംഭവിച്ചു. കെട്ടിയിറക്കിയ സ്ഥാനാർത്ഥികള്‍ പലയിടത്തും ഉണ്ടായിരുന്നെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കോൺ​ഗ്രസിന്റെ തകർച്ചയ്ക്ക് ഒരു നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ എം പി. കൂട്ടായ പ്രവർത്തനത്തിലൂടെ തെറ്റുകൾ തിരിച്ചറിയണം. തുടർച്ചയായ പരാജയങ്ങൾ അണികളെ നിരാശരാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും സ്ഥാനാർത്ഥികളെ കെട്ടിയിറക്കി. ചിലയിടത്ത് കൈപ്പത്തിയിൽ മത്സരിച്ചവർ പോലും നാലാം സ്ഥാനത്ത് വരെ എത്തി. നിയമസഭയിൽ 41 സീറ്റ് കിട്ടിയത് തന്നെ ഭാഗ്യം. തോൽവി അവലോകനം ചെയ്തപ്പോൾ മനസ്സിലാകുന്നത് ഇതാണ്. തിരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ കാണിച്ച മഞ്ഞക്കാർഡായിരുന്നു. താഴെ തട്ടിൽ ആളുകൾ കുറയുന്നു എന്ന സൂചന . അത് മനസ്സിലാക്കിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.