എ.കെ.ജി സെന്റര്‍ ആക്രമണം; ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരെ കേസ് എടുക്കണമെന്ന് ഹര്‍ജി

എകെജി സെന്റര്‍ ആക്രമണത്തെ തുടര്‍ന്നുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.

ഇരുവര്‍ക്കുമെതിരെ കലാപാഹ്വാനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

അതേസമയം അതേസമയം എ.കെ.ജി സെന്ററിനുനേരെ ആക്രമണം നടന്നിട്ട് ഒരു മാസം പിന്നിടുകയാണ്. ഇതുവരെ കേസില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് ബോംബ് എറിയുമെന്ന് പറഞ്ഞിരുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതികരിച്ചിരുന്നു.

ഞെട്ടിക്കുന്ന ശബ്ദമായിരുന്നു കേട്ടത്. പുസ്തകം വായിച്ചുകൊണ്ടിരിക്കെ ഇരിക്കുന്ന കസേരയില്‍ നിന്ന് ഇളകി എന്നുമാണ് പി.കെ.ശ്രീമതി പ്രതികരിച്ചത്. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ശ്രീമതി സംഭവം നടന്നയുടന്‍ പറഞ്ഞിരുന്നു.