എ.കെ.ജി സെന്റര്‍ ആക്രമണം: സിസിടിവി ദ്യശ്യങ്ങള്‍ സിഡാക്കിന് കൈമാറി

എകെജി സെന്റര്‍ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പര്‍ ഉള്‍പ്പെടെ കണ്ടെത്താനാണ് ശ്രമം.

ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. രണ്ടു ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

എകെജി സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പോലും വാഹന നമ്പര്‍ വ്യക്തമല്ലെന്നതാണ് അന്വേഷണ സംഘത്തിന് തിരിച്ചടിയാകുന്നത്. ഏതെങ്കിലും സോഫ്റ്റ്വെയറിലൂടെ ഈ ദൃശ്യം വലുതാക്കി നോക്കി വാഹന നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാന്‍ കഴിയുമോ എന്ന ശ്രമവും സൈബര്‍ പൊലീസ് ആരംഭിച്ചു. നൂറിലേറെ ക്യാമറകളിലെ ദൃശ്യങ്ങളാണു പൊലീസ് ശേഖരിച്ചത്.

അതേസമയം, എകെജി സെന്ററിന് നേരെ എറിഞ്ഞത് മാരകപ്രഹരശേഷിയുള്ള സ്‌ഫോടകവസ്തുവല്ലെന്ന് കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.