മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജെ മേഴ്സികുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്ന് ജെ മേഴ്സികുട്ടിയമ്മ കുറ്റപ്പെടുത്തി. ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ലെന്നും ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.
മൂന്ന് തവണ എൽഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്. വർഗവഞ്ചനയെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നില്കാൻ ആണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുക. അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും ജെ മേഴ്സികുട്ടിയമ്മ ചോദിച്ചു.
പതിറ്റാണ്ടുകൾ നീണ്ട സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നത്. രാപകൽ സമരത്തിനിടെ ഐഷാ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി.
കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ധാരണ. ഐഷ പോറ്റി പ്രതിപക്ഷ നേതാവുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് നിർണായക നീക്കം.







